Business
ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ്.
യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്നു വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് വൻതോതിൽ കുറച്ചു. ഇതൊരു വിജയമാണ്. ഇന്ത്യക്കുമേലുള്ള തീരുവ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുവയുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്-. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസന്റ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ അസംകൃത എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നതായി കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്റിന്റെ പ്രഖ്യാപനം.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ് ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ ഇരുവരും ഇന്ത്യ-ഇയു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
25 ശതമാനം പിഴത്തീരുവ കുറയ്ക്കുമെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങൾക്കുമേലുള്ള തീരുവ 20 ശതമാനത്തിൽ താഴെയാണ്.
National
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഉടലെടുത്ത വ്യാപാര പ്രതിസന്ധി പരിഹരിക്കലാണു ലക്ഷ്യം.
കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ച ചുങ്കങ്ങൾ ഇളവു ചെയ്തുകിട്ടാൻ ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്.
അമേരിക്കയുടെ ഡെപ്യൂട്ടി ട്രേഡ് റെപ്രസന്റേറ്റീവ് റിക് സ്വിറ്റ്സറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തുക.
ഈ കലണ്ടർ വർഷംതന്നെ അമേരിക്കയുമായി വ്യാപാരക്കരാർ ഉണ്ടാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണു ട്രംപ് ഇന്ത്യക്കുമേൽ അന്പതു ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചുതുടങ്ങിയതോടെ ട്രംപിന്റെ മനസ് മാറിവരുന്നതായി സൂചനയുണ്ട്. ഏതെങ്കിലുമൊരു സമയത്ത് ഇന്ത്യക്കുള്ള തീരുവയിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞമാസം പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിവിപണിയാണ് അമേരിക്ക. ട്രംപിന്റെ തീരുവ ഇന്ത്യയുടെ ടെക്സ്റ്റൈൽ, ലെതർ, ജൂവലറി മേഖലകൾക്കു വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യയും അമേരിക്കയും കഴിഞ്ഞ മാസങ്ങളിൽ ചർച്ച നടത്തിയിരുന്നു.
Business
ന്യൂഡൽഹി: പാശ്ചാത്യ ഉപരോധങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റിഫൈനറികൾ ബദൽ മാർഗങ്ങളിലേക്കു തിരിയുന്നതിനാൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഡിസംബറിൽ കുറഞ്ഞേക്കും.
ഇത് മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് വ്യാപാര, ശുദ്ധീകരണ വൃത്തങ്ങൾ അറിയിച്ചു. നവംബറിൽ ഇന്ത്യയുടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തും.
ഈ ഉയർന്ന നിലയിൽനിന്നാണ് ഡിസംബറിൽ കുറവു ണ്ടാകുക. ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ എണ്ണ ഉത്പാദകരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ യുഎസ് നിശ്ചയിച്ച സമയപരിധിക്കു മുന്പായി എണ്ണ ശുദ്ധീകരണശാലകൾ എണ്ണ സംഭരിക്കാൻ തിരക്കു കൂട്ടിയതിനെത്തുടർന്നാണ് നവംബറിൽ ഇറക്കുമതി ഉയരാൻ ഇടയാക്കിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവർ റഷ്യക്കു മേലുള്ള ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. യുഎസിന്റെ ഏറ്റവും പുതിയ നടപടി റഷ്യയിലെ പ്രമുഖ എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവരെ ലക്ഷ്യമിട്ടാണ്.
റഷ്യൻ എണ്ണയുടെ വാങ്ങലുകാർക്ക് ഈ രണ്ടു സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ നവംബർ 21 വരെ സമയം നൽകിയിരുന്നു.
യൂറോപ്യൻ യൂണിയൻ ജനുവരി 21 വരെ ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ബിൽ ഓഫ് ലേയ്ഡിംഗ് തീയതി (ചരക്കു കയറ്റുമതി ബിൽ) ഈ സമയപരിധി കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ റഷ്യൻ അസംസ്കൃത എണ്ണ കൈകാര്യം ചെയ്ത ശുദ്ധീകരണശാലകളിൽനിന്നുള്ള ഇന്ധനം സ്വീകരിക്കുന്നത് യൂറോപ്യൻ യൂണിയൻ നിർത്തും.
ബാങ്കുകളുടെ സൂക്ഷ്മപരിശോധന
ഏറ്റവും പുതിയ യുഎസ് ഉപരോധങ്ങൾക്കു പിന്നാലെ ബാങ്കുകൾ നടത്തുന്ന സൂക്ഷ്മപരിശോധന ഇന്ത്യൻ സർക്കാർ എണ്ണ ശുദ്ധീകരണ ശാലകളെ അങ്ങേയറ്റം ജാഗ്രതയുള്ളവരാക്കിയെന്ന് ഒരു ശുദ്ധീകരണശാല ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ സാഹചര്യത്തിൽ ഡിസംബറിൽ ഇന്ത്യക്ക് പ്രതിദിനം 6,00,000 മുതൽ 6,50,000 വരെ ബാരൽ റഷ്യൻ എണ്ണ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, നയാര എനർജി എന്നിവയുടെ ഇറക്കുമതികളും റിലയൻസ് ഇൻഡസ്ട്രീസ് നവംബറിൽ കയറ്റിവിട്ട ചരക്കുകളുടെ വിതരണവും ഉൾപ്പെടുന്നു.
ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഈ മാസം പ്രതിദിനം 1.855 മില്യൺ ബാരലായി ഉയരാൻ സാധ്യതയുണ്ട്. ഇത് ഒക്ടോബറിൽ 1.48 മില്യൺ ബാരലായിരുന്നുവെന്ന് കെപ്ലറുടെ താത്കാലിക കണക്കുകൾ പറയുന്നത്. വ്യാപാരവൃത്തങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം ഒക്ടോബറിൽ 1.65 മില്യണ് ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത് രണ്ടു ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ.
നവംബറിൽ റഷ്യൻ വിതരണം ഉയർന്ന നിരക്കിലാകാനാണ് സാധ്യത. യുഎസ് ഉപരോധങ്ങളുടെ സമയപരിധിക്കുമുന്പേ സ്റ്റോക്കുകൾ നിറയ്ക്കാൻ പല ശുദ്ധീകരണശാലകളും ശ്രമിച്ചു. കൂടാതെ 2026 മുതൽ യൂറോപ്യൻ യൂണിയൻ വിപണിക്കായ റഷ്യൻഇതര എണ്ണ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കണമെന്ന നിയമവും മൂലമാണിത്.
റഷ്യൻ എണ്ണ വാങ്ങൽ നിർത്തി
മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ് എന്നിവ ഉൾപ്പെടെ മിക്ക ശുദ്ധീകരണശാലകളും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവ ഉപരോധമേർപ്പെടുത്താത്ത സ്ഥാപനങ്ങളിൽനിന്ന് മാത്രമേ എണ്ണ വാങ്ങുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്.
റോസ്നെഫ്റ്റിന് ഭാഗികമായി ഉടമസ്ഥതാവകാശമുള്ള നയാര എനർജി ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളെത്തുടർന്ന് മറ്റ് വിതരണക്കാർ പിന്മാറിയതിനെത്തുടർന്ന് റഷ്യൻ എണ്ണ മാത്രമാണ് സംസ്കരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒക്ടോബർ 22 വരെ മുൻകൂട്ടി കരാർ ചെയ്ത റഷ്യൻ എണ്ണ കയറ്റിവിട്ടതായി അറിയിച്ചു. നവംബർ 20ന് ശേഷം എത്തുന്ന ഏതൊരു ചരക്കും ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്ന തങ്ങളുടെ ശുദ്ധീകരണശാലയിൽ സംസ്കരിക്കുമെന്നും അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയത്തിന്റെ നടത്തിപ്പുകാരായ റിലയൻസിന് രണ്ട് ശുദ്ധീകരണശാലകളുണ്ട്. ഒന്ന് കയറ്റുമതി വിപണികൾക്ക് മാത്രമുള്ളതാണ്.
International
വാഷിംഗ്ടൺ ഡിസി: റഷ്യൻ ഇന്ധനം വാങ്ങുന്നവർക്കു പ്രഖ്യാപിച്ച ഉപരോധങ്ങളിൽനിന്ന് ഹംഗറിക്ക് ഒരു വർഷത്തെ ഇളവനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ വൈറ്റ് ഹൗസ് സന്ദർശിച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതോടെ ഹംഗറിക്ക് റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന് തടസമില്ലാതാകും.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് റഷ്യൻ ഊർജ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവർക്ക് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സമുദ്രാതിർത്തിയില്ലാത്ത ഹംഗറിക്ക് റഷ്യയിൽനിന്നല്ലാതെ എണ്ണയും വാതകവും ലഭിക്കില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപുമായി പുലർത്തുന്ന സൗഹൃദമാണ് ഇളവുകൾ നേടിയെടുക്കാൻ വിക്തർ ഓർബാനെ സഹായിച്ചതെന്ന് വിലയിരുത്തുന്നു. അതേസമയം, ഹംഗറിയുടെ റഷ്യാ അനുകൂല നിലപാടുകളെ എതിർക്കുന്ന യൂറോപ്യൻ ശക്തികൾക്ക് തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽനിന്ന് പ്രകൃതിവാതകം വാങ്ങാമെന്നും ഓർബൻ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുതിനായി റഷ്യൻ പ്രസിഡന്റ് പുടിനും ട്രംപും തമ്മിൽ വീണ്ടും ഉച്ചകോടി നടത്താനുള്ള സാധ്യതയും ചർച്ചയായി.
അമേരിക്കയ്ക്കും ഹംഗറിക്കും മാത്രമാണ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമെന്ന് ഓർബൻ അഭിപ്രായപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും യുക്രെയ്ൻ ജയിക്കുമെന്ന പ്രതീക്ഷയിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഓർബൻ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഓർബൻ നല്ല സൗഹൃദത്തിലാണ്. റഷ്യൻ ഊർജവിഭവങ്ങൾ ലഭിച്ചില്ലെങ്കിൽ ഹംഗറി സാന്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.
International
ന്യൂയോർക്ക്: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന വിഷയത്തിൽ ഇന്ത്യ സമ്മതിച്ചുവെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബുസാനിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽവച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
ചിൻപിംഗുമായി റഷ്യൻ എണ്ണയുടെ വിഷയം സംസാരിച്ചില്ലെങ്കിലും യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു. അസ്ഥിരമായ ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യൻ ഉപയോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
സ്ഥിരതയുള്ള വിലയും സുരക്ഷിതമായ വിതരണശൃംഖലയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ഊർജനയത്തിന്റെ രണ്ട് ലക്ഷ്യങ്ങൾ. സ്രോതസുകൾ വിപുലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ യുഎസ് സർക്കാർ ഊർജമേഖലയിൽ സഹകരണത്തിനു താത്പര്യം കാട്ടിയിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
International
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നതാണ് പ്രതിസന്ധിയാകുന്നത്.
റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്.
റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനിൽക്കെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണക്കമ്പനികളുടെ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്. അമേരിക്കൻ സമ്മർദത്തിന് വഴങ്ങില്ലെന്നതാണ് പൊതുവെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നയം. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവന വിഷയത്തിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.